19 February, 2024 08:04:47 PM
പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്നും ഡിസിപി പറഞ്ഞു. അല്‍പസമയം മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, അൽപ്പം മുമ്പായിരിക്കാം സംഭവമെന്നും നിഗമനമുണ്ട്. സംഭവത്തിൽസിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. അന്വേഷണത്തിൽ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം നിർണായകമായിരുന്നു. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.