27 February, 2024 04:14:40 PM


ടിപി കേസിൽ വധശിക്ഷയില്ല; പ്രതികളുടെ ശിക്ഷാ കാലയളവ് ഉയർത്തി



കൊച്ചി:  ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം വരെ തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയര്‍ത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. 

കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി ശിക്ഷിച്ചു. ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. 

പുതുതായി കൊലപാതക ഗൂഡാലോനചയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. 

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K