09 December, 2023 10:25:40 AM
പൊലീസുകാരന്‍റെ തോക്കിൽ നിന്ന് അബദ്ധത്തിൽ തലയ്ക്ക് വെടിയേറ്റു; യുവതി ഗുരുതരാവസ്ഥയിൽ
ലക്നോ: ഉത്തർപ്രദേശിലെ അലിഗഢ് പൊലീസ് സ്റ്റേഷിനിൽ സബ് ഇൻസ്പെക്ടറുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ ഇസ്ര എന്ന യുവതിക്കാണ് വെടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50ഓടെയാണ് അപകടം ഉണ്ടായത്. ഇൻസ്പെക്ടർ മനോജ് ശർമ്മയുടെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. ഇയാൾ ഒളിവിലാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇൻസ്പെക്ടർ മനോജ് ശർമ്മയെ സസ്‌പെൻഡ് ചെയ്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി അലിഗഢ് എസ്പി അറിയിച്ചു. അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഫീൽഡ് യൂണിറ്റ് പരിശോധിച്ചുവരികയാണെന്നും പൊലീസുകാരനെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിനിടെ പാസ്‌പോർട്ട് വെരിഫിക്കേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പണത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. തർക്കത്തെ തുടർന്നാണ് ഉദ്യോഗസ്ഥൻ വെടിവെച്ചതെന്ന് വീട്ടുകാർ കൂട്ടിച്ചേർത്തു. സൗദി അറേബ്യയിലേക്ക് ഉംറക്ക് പോകാനാണ് ഇസ്രത്ത് പാസ്പോർട്ടിന് അപേക്ഷിച്ചത്.