28 February, 2024 12:47:17 PM


പർദ ധരിച്ചെത്തി, മുളകുപൊടി സ്‌പ്രേ ചെയ്ത് കവർച്ച: യുവതി അറസ്റ്റിൽ



തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകൽ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്‌പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവർച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിൽ.  പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല (36) യെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസിൽ പ്രതിയായ ഫസീല ഒറ്റപ്പാലത്ത് കൂടത്തായി മോഡൽ കൊലപാതക ശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

രണ്ട് വര്‍ഷമായി ചിട്ടി സ്ഥാപന ഉടമയുടെ വീടിനു സമീപമുള്ള ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഫസീല. തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിനു സമീപം സാൻ പ്രീമിയർ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടിൽ കെ.എൻ. സുകുമാര മേനോനാണ് (72) കഴിഞ്ഞ 21-ന് കാലത്ത് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. ഓഫീസിലെ മേശയിൽനിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയും ഇവർ കവർന്നിരുന്നു. 

കണ്ണിന്റെ ഭാഗം മാത്രം തുറന്ന രീതിയിലുള്ള കറുത്ത പർദ ധരിച്ചു വന്നയാളാണ് പെട്ടെന്ന്‌ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്ത് തന്നെ ആക്രമിച്ച് പണവും ആഭരണവും കവർന്നതെന്ന് സുകുമാര മേനോൻ പറഞ്ഞിരുന്നു.

പർദ ധരിച്ചെത്തിയ പുരുഷനായിരുന്നു അക്രമി എന്നാണ് സംശയിച്ചിരുന്നത്. എന്നാൽ, പോലീസ് ഒട്ടേറെ സി.സി.ടി.വി. ക്യാമറകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കവർച്ച നടത്തിയത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചു. ഇവർ കവർച്ചയ്ക്കുശേഷം ഓട്ടോറിക്ഷയിൽ കണ്ണൻകുളങ്ങരയിൽ വന്നിറങ്ങി പർദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച് നടന്നു വരുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. 

ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫസീല അറസ്റ്റിലായത്. 
ഒറ്റപ്പാലത്ത് ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയതിനും ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഫസീലയുടെ പേരില്‍ കേസുള്ളതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇവരെ അഞ്ച് വര്‍ഷം കഠിനതടവിന് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K