29 February, 2024 01:07:07 PM


സിദ്ധാർത്ഥിന്‍റെ മരണം; കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഖ്യപ്രതി കസ്റ്റഡിയിൽ



കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ. അഖില്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറഞ്ഞു.

ആദ്യം പ്രതി ചേര്‍ത്ത 12പേരില്‍ ഒരാളാണ് അഖില്‍. മറ്റു പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കുന്ന കാര്യം പരിഗണിക്കുമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഡിവൈഎസ്പി പറഞ്ഞു. 

മരണവുമായി ബന്ധപ്പെട്ട് നേരത്തെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K