01 March, 2024 11:13:18 AM
സിദ്ധാർത്ഥിന്‍റെ മരണം: കുറ്റകൃത്യത്തിൽ പങ്കെടുത്ത രണ്ടുപേര്‍ കൂടി കീഴടങ്ങി
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ് എഫ് ഐ യുണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ ഡി വൈ എസ് പി ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുണും നേരത്തെ കീഴടങ്ങിയിരുന്നു. അമൽ ഇസ്ഹാനും കെ അരുണും മാനന്തവാടി സ്വദേശികളാണ്. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് ഇന്ന് കടക്കും.
പ്രതികൾക്ക് വേണ്ടി വിവിധ ജില്ലകളിലായി 20 അംഗ സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പ്രതികൾ കീഴടങ്ങിയത്. സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്.