02 March, 2024 09:41:51 AM


തോട്ടം വാച്ചർ വെടിയേറ്റ് മരിച്ച സംഭവം: രണ്ട് വനപാലകർ പിടിയിൽ



കുമളി: വനത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് സ്വകാര്യതോട്ടത്തിലെ വാച്ചർ മരിച്ച സംഭവത്തിൽ രണ്ട് വനപാലകരെ പോലീസ് അറസ്റ്റുചെയ്തു. കെ.കെ. പെട്ടി സ്വദേശി ഈശ്വൻ(52)-നെ വെടിവെച്ച കേസിൽ ഫോറസ്റ്റർ തിരുമുരുകൻ, ഗാർഡ് ബെന്നി എന്നു വിളിക്കുന്ന ജോർജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബർ 28-ന് ശ്രീവില്ലിപുത്തൂർ-മേഘമല കടുവാസങ്കേതത്തിന് കീഴിലുള്ള വണ്ണാത്തിപ്പാറ വനത്തിൽ വനംവകുപ്പ് നടത്തിയ വെടിവെപ്പിലാണ് ഈശ്വരൻ കൊല്ലപ്പെട്ടത്.രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരെ വനത്തിൽ ഒളിച്ചിരുന്ന ഈശ്വരൻ ആക്രമിക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തപ്പോൾ ഇയാൾ കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് വനപാലകർ പോലീസിന് മൊഴിനൽകിയിരുന്നത്. 

എന്നാൽ മുൻ വൈരാഗ്യത്തെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈശ്വരനെ വെടിവെച്ചുകൊന്നതെന്നും പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും കാട്ടി ഈശ്വരന്റെ ബന്ധുക്കൾ മധുര ബെഞ്ചിൽ ഹർജി ഫയൽ ചെയ്തു. കേസ് പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം അന്വേഷിക്കാൻ തേനി ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K