02 March, 2024 01:27:53 PM


സിദ്ധാർത്ഥന്‍റെ മരണം; മൂന്ന് പേർ കസ്റ്റഡിയില്‍



വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ മൂന്ന് പേർ പിടിയില്‍. പത്തനംതിട്ട സ്വദേശിയായ അജയ്, കൊല്ലം സ്വദേശികളായ കാശിനാഥൻ, അൽത്താഫ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് അജയ് പിടിയിലായത്. അജയ്കുമാറിന്റെയും പ്രധാനപ്രതികളില്‍ ഒരാളായ കാശിനാഥൻറെയും അറസ്റ്റ് ഉച്ച കഴിഞ്ഞ് രേഖപ്പെടുത്തും. മുൻപ് അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയര്‍ന്നു.

സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോർട്ടും പുറത്തു വന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റൽ, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളിൽ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം 'ഡെമോ' പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

31-ൽ 19പേരാണ് സിദ്ധാർഥിനോട് മൃഗീയമായി പെരുമാറിയത്. ബെൽറ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദ്ദിച്ചു.സിദ്ധാർത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K