04 March, 2024 11:22:41 AM
സിദ്ധാര്‍ത്ഥന്‍റെ മരണം; പ്രതികളെ മര്‍ദ്ദനം നടന്ന കുന്നിന്‍ മുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
കല്‍പ്പറ്റ: പൂക്കോട് വെറ്ററനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോസ്റ്റലിന് സമീപത്തെ കുന്നിന്‍ മുകളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഹോസ്റ്റലില്‍ നിന്ന് ഇവിടെ എത്തിച്ചാണ് പ്രതികള്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത്. പ്രതികളായ രഹാന്‍ ബിനോയ്, ആകാശ് എന്നിവരെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
ഡാനിഷ്, രഹാന്‍ ബിനോയ്, അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് സിദ്ധാര്‍ത്ഥനെ ഇവിടെ എത്തിച്ചത്. പ്രതിയായ കാശിനാഥന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. തെളിവെടുപ്പിനിടെ ക്രൂരമര്‍ദ്ദനം നടന്നത് എങ്ങനെയെന്ന് പ്രതികള്‍ പൊലീസിനോട് വിവരിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവന്റെ നേതൃത്വത്തിലായിരുന്നു രാവിലെ തെളിവെടുപ്പ് നടന്നത്.
മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി സര്‍വ്വകലാശാല ഹോസ്റ്റലില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരുന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയര്‍, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിന്‍ജോ ജോണ്‍സണ്‍ ഉപയോഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയില്‍ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.