06 March, 2024 11:24:19 AM


കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു



കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഓണ്‍ലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എം പി, കെ ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തൃപ്പുണിത്തുറയില്‍ നിന്നും ഗംഗ എന്ന പേരിട്ടിരിക്കുന്ന ആദ്യ മെട്രോ ട്രെയിനിന്റെ സര്‍വീസ് ആണ് നടന്നത്. 7377 കോടി രൂപ ചെലവഴിച്ചാണ് മെട്രോയുടെ ആദ്യ ഘട്ട നിര്‍മാണം നടന്നത്. തൃപ്പുണിത്തുറ മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയായിരുന്നു ആദ്യ യാത്ര.ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവയിലേക്ക് പുറപ്പെടും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ആരംഭിക്കും. കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. 25 സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവയില്‍ നിന്ന് എസ്എന്‍ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും തൃപ്പൂണിത്തുറ വരെ ഈടാക്കുക. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറല്‍ ചിത്രങ്ങളാല്‍ സമ്പന്നമാണ്. സ്റ്റേഷന് മുന്‍വശത്തെ തൂണുകളില്‍ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുള്ള ഡാന്‍സ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാന്‍സ് മ്യൂസിയവും ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K