07 March, 2024 12:25:41 PM


വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല; പത്മജ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്ന് കെ മുരളീധരന്‍



തിരുവനന്തപുരം: കോണ്‍ഗ്രസ് ലീഡര്‍ കെ.കരുണാകരന്‍റെ മകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ഇന്നു ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെത്തിയ പത്മജ ബിജെപി ദേശീയ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അവഗണിച്ചതാണ് തീരുമാനത്തിനു പിന്നിലെന്ന് പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നല്‍കിയിട്ടില്ലെന്നും ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ വന്നപ്പോള്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരന്‍ കൂടിയായ കെ. മുരളീധരന്‍ എംപി പറഞ്ഞു.

പദ്മജയുടെ ബി ജെ പി പ്രവേശം ദൗർഭാഗ്യകരമെന്നും കോൺഗ്രസ് അവര്‍ക്ക് കൊടുത്തത് മുന്തിയ പരിഗണനയെന്നും എംപി പറഞ്ഞു. പദ്മജയ്ക്ക് പാർട്ടി നല്കിയത് ഉറച്ച വിജയ സാധ്യതയുള്ള സീറ്റുകൾ. ചില വ്യക്തികൾ കാലുവാരിയാൽ തോല്ക്കുമോയെന്നും മുരളീധരൻ. പദ്മജയെ വളർത്തി വലുതാക്കിയെടുത്തത് കോൺഗ്രസ് പാർട്ടിയാണ്. പദ്മജ ചേർന്നത് കൊണ്ട് ബി ജെ പിക്ക് കാൽ കാശിനുള്ള ഗുണമുണ്ടാകില്ല. 20 സീറ്റിലും വിജയിക്കാൻ പാർട്ടി തീവ്ര ശ്രമം നടത്തുമ്പോഴാണ് പദ്മജയുടെ നീക്കം. പദ്മജ ചെയ്തത് ചതിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

ഇന്നലെ മുതല്‍ പത്മജ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്ത്തിരിക്കുകയാണെന്നും അവര്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു. പത്മജ ബിജെപിയിലേക്ക് ചേരുമെന്ന ആഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു. കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് കടുത്ത അവഗണയാണ് ഉണ്ടാകുന്നതെന്ന് പത്മജ തൃശൂരിലെ അടുത്ത ആളുകളോട് പറഞ്ഞിരുന്നു. ബിജെപിയിലേക്ക് എന്ന സൂചനയും നല്‍കി. ബിജെപിയില്‍നിന്ന് രാജ്യസഭാ അംഗത്വവും പാര്‍ട്ടിയില്‍ വലിയ പദവിയും ലഭിച്ചതായാണ് വിവരം.

സംഭവം അറിഞ്ഞ് കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, പത്മജയുടെ ഭര്‍ത്താവ് വേണുഗോപാല്‍ തുടങ്ങിയവര്‍ പത്മജയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ഡല്‍ഹിയില്‍ എത്തിയ പത്മജ ഇതുവരെ എഐസിസി ഓഫീസില്‍ പോകാനും തയ്യാറായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K