10 December, 2023 11:26:42 AM
'പെണ്ണുകേസില്‍ കുടുക്കും': വയോധികനിൽ നിന്നും 25 ലക്ഷം തട്ടിയ 'വ്യാജ എസ്‌ഐ' അറസ്റ്റില്‍
ആലപ്പുഴ: എസ്‌ഐ ആണെന്ന് പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. അമ്പലപ്പുഴ വണ്ടാനം നീര്‍ക്കുന്നം കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ മനാഫാണ് (33) പിടിയിലായത്. ചെറിയനാട് ചെറുവല്ലൂര്‍ ആലക്കോട്ട് കല്ലേലില്‍ വീട്ടില്‍ ഫിലിപ്പിനെ (കൊച്ചുമോൻ-72) യാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.
മാന്നാര്‍ എസ്‌ഐ എന്നു പരിചയപ്പെടുത്തിയാണ് മനാഫ് ഫിലിപ്പുമായി ബന്ധപ്പെടുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നു കേസുണ്ടെന്ന് പറഞ്ഞ മനാഫ്, കേസൊതുക്കാൻ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോള്‍ മക്കളെയും ബന്ധുക്കളെയുമൊക്കെ വിവരം അറിയിക്കുമെന്നായി ഭീഷണി. തുടര്‍ന്നു 3 ലക്ഷം രൂപ കൈക്കലാക്കി.
പിന്നീട് പൊലീസുകാര്‍ക്കും ജഡ്ജിക്കും നല്‍കാനാണെന്ന് പറഞ്ഞു പലപ്പോഴായി 22 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മറ്റു രണ്ടു കേസുകള്‍ കൂടിയുണ്ടെന്നും, കേസില്‍ നിന്നും ഊരിത്തരാൻ 16 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മാനസികമായി തകര്‍ന്ന ഫിലിപ്പ്, ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ മാസം അഞ്ചാം തീയതി വീടു വിട്ടിറങ്ങി.
ഫിലിപ്പിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കല്‍ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാനത്തിന്റെ പലയിടത്തും അന്വേഷിച്ച പൊലീസ്, കോട്ടയം നാഗമ്ബടം ബസ് സ്റ്റാൻഡില്‍ നിന്നാണ് ഫിലിപ്പിനെ കണ്ടെത്തുന്നത്. തുടര്‍ന്നു ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. വയോധികനെ പൊലീസ് തിരികെ വീട്ടിലെത്തിച്ചു.