14 March, 2024 08:48:43 AM
കോഴ ആരോപണം: അറസ്റ്റിലായ വിധികർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം സദാനന്ദാലയത്തിൽ പി.എൻ.ഷാജി(51)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുറിയിൽ കയറിയ ഷാജി വൈകിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. സിറ്റി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാമെന്നും കുറിപ്പിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാലാ കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മാർഗം കളി മത്സരം റദ്ദാക്കി. തുടർന്ന് വിധികർത്താക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 11-ാം തീയതി തിരികെ വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചിലർ കുടുക്കിയതാണെന്നും ബന്ധുക്കൾ പറഞ്ഞു.