14 March, 2024 11:45:44 AM


ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങി; ആക്ഷേപം അറിയിക്കാൻ സമയം



തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കി. ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 1000.28 ഹക്ടർ ഭൂമിയാണ് വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. പ്രദേശത്ത് ബിസിനസ് നടത്തുന്നവര്‍ക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്.2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകും.

ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങളും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്പെഷ്യൽ തഹസിൽദാറിനെയാണ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കളക്ടറുടെ ചുമതല നൽകി നിയമിച്ചത്. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി കോട്ടയം ഡപ്യൂട്ടി കളക്ടറെയും നിയമിച്ചു.പദ്ധതി നടപ്പാക്കുന്നതിലൂടെ ശബരിമല ക്ഷേത്രത്തിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാനാവും, ടൂറിസം വികസിക്കും, പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും, അന്താരാഷ്ട്ര മലയാളി സമൂഹത്തിന് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവുമെന്നും സാമൂഹ്യാഘാത റിപ്പോര്‍ട്ടിൽ പറയുന്നു. 

ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണു നേരിട്ടു ബാധിക്കുമെന്നായിരുന്നു പാരിസ്ഥിതിക ആഘാത പഠനം. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ കുടി ഒഴിപ്പിക്കേണ്ടി വരും. എസ്റ്റേറ്റിലെ റബറും ആഞ്ഞിലിയും പ്ലാവും, തേക്കും അടക്കം മൂന്നേ കാൽ ലക്ഷത്തോളം മരങ്ങളും വെട്ടി മുരിക്കേണ്ടി വരുമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നു. മതിയായ നഷ്ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ടു പോകാനാനാണ് റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നു.

തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്.എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K