14 March, 2024 04:27:43 PM
സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്‍റെ വില്‍പ്പന ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്‍റെ വില്‍പ്പന ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് അരി വാങ്ങി മടങ്ങിയത്. ഗുണമേന്മയുള്ള അരി വിലക്കുറവില്‍ ലഭിക്കുന്ന സന്തോഷത്തിലാണ് ഗുണഭോക്താക്കള്‍. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകള്‍ വഴി രാവിലെ സംസ്ഥാന സര്‍ക്കാരിന്‍റെ ശബരി കെ റൈസിന്‍റെ വില്‍പ്പന ആരംഭിച്ചു. കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള അരി ലഭിക്കുന്ന സന്തോഷവും ഗുണഭോക്താക്കള്‍ പങ്കുവെച്ചു.
ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. കാര്‍ഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോയ്ക്ക് 40 രൂപാ 11 പൈസക്ക് വാങ്ങുന്ന അരിയാണ് 11 രൂപ 11 പൈസ കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. തെലങ്കാനയില്‍ നിന്ന് കടമായാണ് കെ-റൈസിനായുള്ള ജയ അരി കേരളം വാങ്ങിയത്.
രണ്ട് ദിവസത്തേക്ക് വില്‍ക്കാന്‍ ആവശ്യമായ കെ-റൈസ് അരിയുടെ സ്റ്റോക്കാണ് നിലവില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയത്. വലിയ ഔട്ട്‌ലെറ്റുകള്‍ക്ക് 40 ചാക്ക് ജയ അരി നല്‍കി. ഈ 2000 കിലോഗ്രാം അരി ഉപയോഗിച്ച് 400 പേര്‍ക്ക് അഞ്ച് കിലോഗ്രാം അരി വീതം നല്‍കാന്‍ കഴിയും. മട്ട അരി 15 ചാക്കാണ് നല്‍കിയത്. അതായത് 750 കിലോഗ്രാം. ഇതുപയോഗിച്ച് അഞ്ച് കിലോഗ്രാം അരി വീതം 150 പേര്‍ക്ക് വിതരണം ചെയ്യാം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കുമെന്ന ഉറപ്പും ഔട്ട്‌ലെറ്റ് അധികൃതര്‍ക്ക് ലഭിച്ചു.