15 March, 2024 10:39:03 AM


ഇ-പോസ് മെഷീനുകള്‍ പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി



തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് മുടങ്ങി. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്. ഇന്ന് 8 മണി മുതല്‍ മസ്റ്ററിങ് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇതുവരെയായിട്ടും ഒരു കാര്‍ഡ് പോലും മസ്റ്റര്‍ ചെയ്യാനായിട്ടില്ല. രാവിലെ മുതല്‍ നിരവധി പേരാണ് വിവിധയിടങ്ങില്‍ കാത്തിരിക്കുന്നത്. മസ്റ്ററിങ് മുടങ്ങിയതോടെ റേഷന്‍ കടകള്‍ക്കും മസ്റ്ററിങ് ക്യാമ്പുകള്‍ക്കും മുന്നില്‍ കാര്‍ഡുടമകള്‍ പ്രതിഷേധിക്കുകയാണ്.

റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇന്ന് മുതല്‍ ഞായര്‍ വരെയാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ചത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായി മസ്റ്ററിങ് നടത്തണമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറയിച്ചിരുന്നു.

ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ തന്നെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡുമാണ് മസ്റ്ററിങിന് വേണ്ടത്. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K