18 March, 2024 11:34:19 AM
ക്ഷേത്രങ്ങളിൽ കയറി പ്രാർത്ഥിച്ച ശേഷം മോഷണം; സിസിടിവിയിൽ കുടുങ്ങിയ പ്രതി അറസ്റ്റിൽ
ജയ്പൂര്‍: ക്ഷേത്രങ്ങളിൽ കയറി പ്രാർത്ഥിക്കുകയും തുടർന്ന് ഇതേ ക്ഷേത്രത്തിൽ തന്നെ മോഷണം നടത്തുകയും ചെയ്യുന്ന മോഷ്ടാവ് പിടിയിൽ. രാജസ്ഥാൻ ജയ്പൂരിലെ അൽവാറിലാണ് സംഭവം. ഗോപേഷ് ശർമ്മ എന്ന 37-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇയാൾ സ്ഥിരമായി മോഷണം നടത്തിയിരുന്നത്.
ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുക, ശേഷം പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുക ഇതാണ് ഇയാളുടെ മോഷണ രീതി. ആൽവാറിലെ ആദർശ് നഗറിലെ ക്ഷേത്രത്തിലെത്തിയ ശർമ്മ സ്ഥിരം രീതി പിന്തുടർന്നു. ആദ്യം പ്രാർത്ഥിക്കുകയും ഒടുവിൽ സംഭാവന പെട്ടിയിൽ നിന്ന് പണം കവരുകയുമായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇത് കൂടാതെ ക്ഷേത്രത്തിൻ്റെ പൂട്ട് തകർത്ത് വെള്ളിയാഭരണങ്ങൾ, കുടകൾ, വഴിപാട് പെട്ടിയിലെ പണം എന്നിവ മോഷ്ടിച്ചു. മോഷണത്തിനിടെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും, ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ താൻ സമാനരീതിയിൽ മോഷണം നടത്തിയെന്ന് സമ്മതിക്കുകയും ചെയ്തു. ക്ഷേത്രങ്ങൾ മാത്രമാണ് ഇയാൾ ലക്ഷ്യമിടുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യമെത്തി ക്ഷേത്രങ്ങൾ പരിശോധിച്ച്, പൂജാരി പോയതിനുശേഷം വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കും. ഇതാണ് ഇയാൾ സ്ഥിരമായി പിന്തുടരുന്ന രീതി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പഴയ കേസുകൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.