18 March, 2024 02:38:54 PM
വീട്ടുജോലിക്കെത്തിയ 15 കാരിയെ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി: വീട്ടുജോലിക്കെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തതിന് അസമിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) അറസ്റ്റിൽ. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്.
കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും 15 കാരിയായ പെൺകുട്ടി പറയുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ശനിയാഴ്ച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ഇയാൾക്കെതിരെ കേസെടുത്തു.
അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാഥിനെ അറസ്റ്റ് ചെയ്തതെന്ന് അസം ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. പോക്സോ കേസുൾപ്പെടെ നിരവധി വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയതായും കേസിൽ കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.