18 March, 2024 03:37:31 PM


'ആ ഗോപിയല്ല ഈ ഗോപി', കലാമണ്ഡലം ​ഗോപിയുടെ മകന്‍റെ കുറിപ്പ്; ചര്‍ച്ചയായതോടെ ഡിലീറ്റാക്കി



തൃശ്ശൂർ: ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് മകൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് വലിയ തരത്തിൽ ച‍ർച്ചയായിരുന്നു. പിന്നാലെ ആ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ​ഗുരുകൃപ.

ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്‍ത്തപ്പോള്‍, 'പത്മഭൂഷണ്‍ കിട്ടണ്ടേ' എന്ന് പ്രമുഖ ഡോക്ടര്‍ ചോദിച്ചതായും രഘു പോസ്റ്റിൽ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

പോസ്റ്റ് ചർച്ചയായതിന് പിന്നാലെ രഘു ഇത് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചു. 'ഇന്നലെ ഞാൻ ഇട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിരിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ്. ഈ ചർച്ച അവസാനിപ്പിക്കാം. നന്ദി'. രഘു ഇന്ന് സോഷ്യൽ മീഡ‍ിയയിൽ കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K