22 March, 2024 11:08:53 AM
കെജ്‌രിവാളിന്‍റെ അറസ്റ്റ്: കണ്ണൂരിൽ എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിൽ പ്രകടനം; മോദിയുടെ കോലം കത്തിച്ചു
കണ്ണൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രകടനം. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു. കാൾടെക്സിലെ എ.കെ.ജി പ്രതിമക്ക് മുന്നിൽനിന്നാരംഭിച്ച പ്രകടത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ്, ജില്ല ജില്ല സെക്രട്ടറി ടി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അടിയന്തരാവസ്ഥയെക്കാൾ കഷ്ടമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതിയും പ്രതികരിച്ചു. ജയിലിനകത്തുള്ള കെജ്‍രിവാൾ ജയിലിന് പുറത്തുള്ള കെജ്‍രിവാളിനേക്കാൾ ശക്തനാണെന്ന് മനസിലാക്കും. ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഡൽഹിയിൽ നടക്കുന്നത്. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. കേരളത്തിന്റെ പ്രതിക്ഷേധത്തിൽ അണിചേർന്ന ആളാണ് കെജ്‌രിവാളെന്നും എം വി ഗോവിന്ദൻ പറഞ്ഞു.