25 March, 2024 03:57:00 PM


മിണ്ടിയാൽ വോട്ടു പോകുമെന്നറിയാം; കെ റെയിലിനെ പറ്റി ഉരിയാടാതെ സി പി എം



കോട്ടയം : ലോക് സഭ തിരഞ്ഞെടുപ്പിൽ കെ റെയിലിനെ പറ്റി പറയാൻ ഭയന്ന് സി.പി.എം.സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങളും സ്വപ്ന പദ്ധതികളുമൊക്ക ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചർച്ചയാക്കുന്നുണ്ടെങ്കിലും കെ റെയിലിനെ പറ്റി കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല.

ഒന്നര വർഷം മുമ്പ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് 'കെ റെയിൽ വരും കേട്ടോ' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം ഇടതുമുന്നണിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തു. ഈ തിരിച്ചറിവാകും കാരണം.പിന്നീട് നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കെ റെയിലിനെക്കുറിച്ച് മിണ്ടിയില്ല.

നിർദ്ദിഷ്ട കെ റെയിൽ പദ്ധതി കടന്നു പോകുന്ന 12 ലോക്സഭാ മണ്ഡങ്ങളിലും ജനരോഷം അതിശക്തമാണ്. ഇവിടങ്ങളിൽ നാട്ടിയ മഞ്ഞക്കുറ്റി നിമിത്തം ജനങ്ങൾക്ക് ഭൂമി വിൽക്കാനോ പണയം വെയ്ക്കാനോ ആവാത്ത സ്ഥിതിയുണ്ട്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നിട്ടു പോലും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പിൻവലിക്കാൻ തയ്യാറാത്തതുമൂലം ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിക്കാൻ പോലും പറ്റാത്ത സ്ഥിതിയുണ്ട്.

കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നവർക്ക് വോട്ടില്ലെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചു കഴിഞ്ഞു. കെ റെയിൽ അനുകൂലികളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്ന നിലപാടിലാണ് സമിതി. ഇക്കഴിഞ്ഞ ദിവസം കെ റെയിൽ വിരുദ്ധ സമിതി കോട്ടയത്ത് മാർച്ചും ധർണയും നടത്തിയിരുന്നു.

ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളി മുണ്ടൻ കുഴിയിൽ 2022 മാർച്ച് 17 ന് മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളേയും കുട്ടികളേയും പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. പിന്നീട് ഈ സമരം പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളാകെ ഏറ്റെടുത്തു. കെ റെയിൽ വരുമെന്നോ ഇല്ലെന്നോ പറയാതെ ഇടതുസ്ഥാനാർത്ഥികളും നേതാക്കളും ഒഴിഞ്ഞു മാറുകയാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിലെ 11 ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നത്. പാത കടന്നുപോകുന്ന മേഖലകളിൽ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി അതിര് രേഖപ്പെടുത്താൻ മഞ്ഞക്കുറ്റി സ്ഥാപിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധം ഉയർന്നു തുടങ്ങിയത്. വീടുകളുടെ അടുക്കളയ്ക്കുള്ളിൽ പോലും കല്ലുകൾ നാട്ടി ജനങ്ങളിൽ ഭീതി വിതച്ച സംഭവമായിരുന്നു.

പദ്ധതിക്കായി സംസ്ഥാനത്തെ 11 ജില്ലകളിൽ നിന്നായി 1221 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലൊന്നും തന്നെ കെ റെയിലിനെക്കുറിച്ച് മിണ്ടുന്നേയില്ല


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K