26 March, 2024 11:00:54 AM
എംഎം മണിയുടെ മുഖത്ത് നോക്കുമ്പോള്‍ ചുട്ട കശുവണ്ടി പോലെ; അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്
ഇടുക്കി: സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഒ ആര്‍ ശശി. എംഎം മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ഒ ആര്‍ ശശിയുടെ വിവാദ പരാമര്‍ശം. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഒ ആര്‍ ശശിയുടെ അധിക്ഷേപം.
ഡീന്‍ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കള്‍ക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണെന്ന് വിവാദ പ്രസംഗത്തില്‍ ഒ ആര്‍ ശശി പറയുന്നു. ഡീന്‍ കുര്യാക്കോസിനേ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. മണിയെ പ്രസവിച്ചത് ഏതോ പാറമടയിലെന്നുള്‍പ്പെടെ അധിക്ഷേപ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇന്നലെ മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ ആര്‍ ശശി വിവാദ പരാമര്‍ശം നടത്തിയത്.
ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന്‍ കുര്യാക്കോസെന്നും പൗഡര്‍ പൂശി നടക്കുന്നുവെന്നും ഉള്‍പ്പെടെ എം എം മണി കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഒ ആര്‍ ശശിയുടെ അധിക്ഷേപ പ്രസംഗം.