27 March, 2024 07:27:02 PM
പെൺകുട്ടിയെ പീഡിപ്പിച്ചു, കൊലപ്പെടുത്തി: ആർമി ഉദ്യോഗസ്ഥനായ അമ്മാവനും ഭാര്യയും അറസ്റ്റിൽ
മധുര: തമിഴ്നാട്ടിലെ മധുരയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യോഗസ്ഥനെയും പീഡനവിവരം മറച്ചുവെക്കാൻ ശ്രമിച്ച ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. പതിനൊന്ന് വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നു.
ബോധരഹിതയായെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ആശുപത്രിയിൽ എത്തും മുൻപേ പെൺകുട്ടി മരിച്ചിരുന്നതായും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടി അതിക്രൂര പീഡനത്തിന് ഇരയായെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു. മാതാപിതാക്കൾ മരിച്ച ശേഷം ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മാവനായ ആര്‍മി ഉദ്യോഗസ്ഥന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും പുറത്ത് പറയാതെ ഭർത്താവിന് കൂട്ടു നിന്നതിന് ഭാര്യയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.