13 December, 2023 10:21:28 AM
ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കൊല്ലം: ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെയാണ് ഭക്തര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതില്‍ പൊളിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.
നവകേരള സദസ്സിൻ്റെ വേദിയാകുന്ന മാവേലിക്കര ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ മതിൽ പൊളിച്ച വിഷയത്തിൽ എം എൽ എ എംഎസ് അരുൺകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കണമെന്ന് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് നേതൃത്വം. പൊലീസ് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.