01 April, 2024 12:08:21 PM
കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കരുനാഗപ്പള്ളി: തൊടിയൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി സുരേഷ് (37) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഗുജറാത്തിൽനിന്നു പിടികൂടിയത്.
മാർച്ച് 12-ന് വൈകീട്ടാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ആറുവരെ അയൽവാസികൾക്കൊപ്പം തിരുവാതിര കളിച്ചുകൊണ്ടുനിന്ന പെൺകുട്ടി മൊബൈലിൽ കോൾ വന്നതിനെ തുടർന്ന് വീട്ടിനുള്ളിലേക്കു പോയി. ഏറെക്കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. തുടർന്നാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പോലീസ്, പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് സുരേഷിനെ വീഡിയോ കോൾ ചെയ്തുകൊണ്ട് നിൽക്കെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയത്. ഫോണിലൂടെയുള്ള യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവ് ഗുജറാത്തിലേക്ക് കടന്നതായി കണ്ടെത്തി. പോലീസ് സംഘം ഗുജറാത്തിലെത്തുകയും അവിടത്തെ ഒരു ഗ്രാമത്തിൽനിന്നു സാഹസികമായി പിടികൂടുകയുമായിരുന്നു. ഗൾഫിലേക്ക് കടക്കാൻ ശ്രമം നടത്തുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ.മാരായ ഷിജു, ജിഷ്ണു, ഷാജിമോൻ, സന്തോഷ്, എസ്.സി.പി.ഒ.മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.