01 April, 2024 12:27:42 PM


ഭാര്യയുമായി അവിഹിത ബന്ധം: യുവാവിനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ട് ഭർത്താവ്



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാടക വീടിനുള്ളിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആനന്ദ് പര്‍ബത് പ്രദേശത്തെ ഒരു വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ 30 കാരന്‍ മാധവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അവിഹിത ബന്ധത്തെ തുടര്‍ന്ന് യുവാവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

ആനന്ദ് പര്‍ബത് മേഖലയിലെ ഒരു വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു മാധവ്. കഴിഞ്ഞ ഒരഴ്ചയായി മാധവിനെ കാണാനില്ലായിരുന്നു. കഴിഞ്ഞ 5 മാസമായി മാധവ് തന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്നും ഹോളിയുടെ അന്ന് പുറത്തേക്ക് പോയ മാധവ് പിന്നെ തിരികെയെത്തിയില്ലെന്നും വാടക വീടിന്റെ ഉടമസ്ഥന്‍ മോഹന്‍ കുമാര്‍ പാണ്ഡെ പൊലീസിന് മൊഴി നല്‍കി. മാധവ് മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് പോയത്. പ്രദേശവാസികള്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നത് കണ്ടിരുന്നു. പിന്നീട് മാധവിനെ കണ്ടില്ല- മോഹന്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.

പൊലീസ് മാധവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ പ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുടെ ഫോട്ടോ കണ്ടെത്തി. പരിശോധനക്കെത്തിയ പൊലീസിന് അടുത്ത വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും യുവതിയും ഭര്‍ത്താവും സ്ഥലത്തില്ലെന്നും അയല്‍വാസി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മാധവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്നും കണ്ടെത്തിത്. വിവാഹിതയായ യുവതിയുമായി മാധവിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് ഇത് കണ്ടെത്തിയതോടെ കൊലപ്പെടുത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയും മാധവും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കൂന്ന വിവരം.

രാവിലെ 11 മണിയോടെയാണ് പൊലീസ് സംഘം യുവതി താമസിക്കുന്ന വാടക വീട്ടിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലൊനടുവില്‍ വൈകിട്ട് 4 മണിയോടെയാണ് വീടിനുള്ളിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും മാധവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ഒളിവിലാണെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K