01 April, 2024 01:30:27 PM
പിതാവിന്‍റെ മുന്നില്‍ യുവാവ് സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു; സംഭവം പാകിസ്ഥാനില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പിതാവിന്റെ മുന്നില്‍ വച്ച് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ചു കൊന്നു. സഹോദരിയെ കഴുത്തുഞെരിച്ച് കൊല്ലുന്നത് ചിത്രീകരിച്ച മറ്റൊരു സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിയ ബീബിയെയാണ് (22) മാര്‍ച്ച് 17ന് സഹോദരന്‍ മുഹമ്മദ് ഫൈസല്‍ കൊലപ്പെടുത്തിയത്. പിതാവ് അബ്ദുല്‍ സത്താറിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. പഞ്ചാബിന്റെ മധ്യ-കിഴക്കന്‍ പ്രവിശ്യയിലെ തോബ ടെക്ക് സിങ് പട്ടണത്തിനു സമീപമായാണ് സംഭവം. യുവതിയുടെ മറ്റൊരു സഹോദരനായ ഷെഹ്ബാസ് ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അജ്ഞാതനായ ഒരാളുമായി സഹോദരി പലതവണ വിഡിയോ കോളില്‍ സംസാരിക്കുന്നത് കൊലയാളിയായ ഫൈസല്‍ പിടികൂടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം ദുരഭിമാന കൊലയാകാമെന്നാണ് വിവരം. വിദ്യാഭ്യാസം, തൊഴില്‍, ആരെ വിവാഹം കഴിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ പുരുഷ ബന്ധുക്കള്‍ക്ക് കീഴ്പ്പെട്ടിരിക്കുന്ന കര്‍ശന നിയമമാണ് പാക്കിസ്ഥാനിലുള്ളത്. ഈ നിയമാവലി ലംഘിച്ചുവെന്ന് ആരോപിച്ച് ഓരോ വര്‍ഷവും നൂറുകണക്കിന് സ്ത്രീകളാണ് പാക്കിസ്ഥാനില്‍ പുരുഷന്മാരാല്‍ കൊല്ലപ്പെടുന്നത്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നതനുസരിച്ച്, 2022ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ 316 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല.
പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് മാര്‍ച്ച് 24നാണ് പൊലീസ് കണ്ടെത്തിയത്. സത്താറിനെയും ഫൈസലിനെയും ഉടന്‍ അറസ്റ്റ് ചെയ്തു. ഷെഹ്ബാസിനെ ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ പങ്കാളിത്തത്തിന്റെ വ്യാപ്തി നിര്‍ണയിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഷെഹ്ബാസിന്റെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.
കുടുംബ വീട്ടില്‍ വച്ചാണ് ഫൈസല്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത്. ഒരു ഘട്ടത്തില്‍ 'അച്ഛാ, അവനോട് വിട്ടേക്കാന്‍ പറയൂ'എന്ന് ഷെഹ്ബാസ് പറയുന്നതായി വിഡിയോയില്‍ കേള്‍ക്കാം. ചലനമറ്റ ശരീരത്തില്‍ രണ്ടു മിനിറ്റോളം നേരമാണ് ഫൈസല്‍ കഴുത്തു ഞെരിച്ചു കൊണ്ടിരുന്നത്. ഫൈസല്‍ കൊലപാതകം നടത്തിയ ശേഷം പിതാവ് കുടിക്കാന്‍ വെള്ളം നല്‍കുന്നതും വിഡിയോയില്‍ കാണാം.