02 April, 2024 12:31:25 PM
സ്ത്രീധനമായി ആഡംബര വാഹനം നൽകിയില്ല; യുവതിയെ ഭർത്താവും ബന്ധുക്കളും മർദ്ദിച്ച് കൊന്നെന്ന് പരാതി
ന്യൂഡൽഹി: ആഡംബര കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകാത്തതിന് ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പൊലീസ്. കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്. വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ എന്നിവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
2022 ഡിസംബറിലാണ് കരിഷ്മയും വികാസും വിവാഹിതരായത്. വിവാഹ സമയത്ത് നൽകിയതിലധികം സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കരിഷ്മയുടെ സഹോദരൻ ദീപക് പറഞ്ഞു. വിവാഹസമയത്ത് വരൻ്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവിയും നൽകിയിരുന്നു. അതിന് പുറമെയാണ് ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും ആവശ്യപ്പെട്ടതെന്ന് ദീപക് പറഞ്ഞു.
വികാസിനും കരിഷ്മയ്ക്കും ഒരു പെൺകുഞ്ഞുണ്ട്. കുഞ്ഞുണ്ടായ ശേഷം പീഡനം കൂടുതൽ വഷളാവുകയായിരുന്നു. പല തവണ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് ദീപക് ആരോപിച്ചു. വികാസും പിതാവും അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.