03 April, 2024 09:57:54 AM


'ടിടിഇയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ'; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി



തൃശ്ശൂർ: ടിടിഇ കെ വിനോദിന്റെ കൊലപാതകത്തിൽ പ്രതി രജനികാന്തനെതിരെ കൊലക്കുറ്റം ചുമത്തി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയെന്ന് തള്ളിയിട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്11കോച്ചിൻ്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. തൃശ്ശൂരിൽ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് കഴിഞ്ഞപ്പോഴാണ് ടിടിഇ ടിക്കറ്റ് ചോദിച്ചത്. രജനികാന്തക്കെതിരെ ഐപിസി 1860,302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒഡീഷ സ്വദേശിയായ രജനീകാന്തയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ കൂസലില്ലാതെയായിരുന്നു പ്രതിയുടെ പ്രതികരണം. 'ഞാന്‍ തള്ളി, അവന്‍ വീണു' എന്നാണ് ആര്‍പിഎഫ് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞത്.

പ്രതിയുടെ മൊഴി വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ എന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ തൃശ്ശൂരിലേക്ക് കൊണ്ടുപോയത്. കുന്നംകുളത്തെ വിക്ടറി പാര്‍ക്ക് എന്ന ബാറിലെ ക്ലീനിങ് തൊഴിലാളിയായിരുന്നു രജനീകാന്ത. ഇന്നലെ മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.

കൊല്ലപ്പെട്ട റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍ വിനോദിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി രജനികാന്തയെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

തൃശൂര്‍ വെളപ്പായയിലാണ് ടിടിഇയെ ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നത്. റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തതിന് പിഴ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജനറല്‍ ടിക്കറ്റ് എടുത്താണ് പ്രതി റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K