03 April, 2024 03:18:43 PM


വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ മയക്കുവെടി വച്ച് വലയിലാക്കി



കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരുമെല്ലാം ഉത്സാഹിച്ച് കടുവയെ കിണറ്റിന് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. 

വൈകാതെ തന്നെ കടുവയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കൂട്ടിലാക്കി വാഹനത്തിലാണ് കൊണ്ടുപോകുന്നത്. ആരോഗ്യവാനായ കടുവയാണ് ഇതെന്നാണ് മനസിലാക്കുന്നത്. കടുവയ്ക്ക് മറ്റ് കാര്യമായ പരുക്കുകളൊന്നും ഏറ്റിട്ടുമില്ല. 

മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരുന്നത്.  രാവിലെ മോട്ടോര്‍ അടിച്ചിട്ടും വെള്ളം വരാതിരുന്നതോടെ വീട്ടുകാര്‍ കിണറ്റില്‍ പോയി നോക്കുകയായിരുന്നു. ഇതോടെയാണ് കിണറില്‍ കടുവ വീണത് മനസിലാക്കുന്നത്. 

ഉടൻ തന്നെ ഇവര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വൈകാതെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മയക്കുവെടി വയ്ക്കാനുള്ള സംഘത്തെയും എത്തിക്കാനുള്ള നീക്കമായി. ആദ്യം കിണറ്റിനകത്ത് കടുവയെ സുരക്ഷിതമാക്കി വയ്ക്കാനുള്ള കാര്യങ്ങളാണ് ദൗത്യസംഘം ചെയ്തത്. ശേഷമാണ് മയക്കുവെടി വച്ചത്. തുടര്‍ന്ന് ഇതിനെ വലയിലാക്കി കിണറ്റിന് പുറത്തെത്തിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K