06 April, 2024 11:54:27 AM


സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു



തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇന്നലെ നടന്ന ആദായനികുതി വകുപ്പ് റെയ്ഡിന് പിന്നാലെയാണ് നടപടി. ആദായനികുതി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെന്നാണ് ഐടി വകുപ്പ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ 4.80 കോടി രൂപയാണ് ഉള്ളത്. ഈ മാസം രണ്ടാം തീയതി ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്.

എന്നാല്‍ അക്കൗണ്ട് വിവരങ്ങള്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും സമര്‍പ്പിച്ചിട്ടുള്ളതായാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. എങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കാന്‍ ആദായനികുതി വകുപ്പ് സിപിഎം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. നേരത്തെ വെളിപ്പെടുത്തിയ രേഖകളില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുന്നതായി ബോധ്യപ്പെട്ടാല്‍ നടപടി പിന്‍വലിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. കരുവന്നൂര്‍ സഹകരണബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

കരുവന്നൂരില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ആര്‍ബിഐക്കും തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിക്കുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K