06 April, 2024 01:43:30 PM


മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് മണികുമാര്‍



തിരുവനന്തപുരം: വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ജസ്റ്റിസ് മണികുമാര്‍ രാജ്ഭവനെ അറിയിച്ചു. തമിഴ്നാട്ടില്‍ തന്നെ തുടരേണ്ട സാഹചര്യമുണ്ടെന്നാണ് ജസ്റ്റിസ് മണികുമാര്‍ നല്‍കുന്ന നിര്‍ദേശം. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിയോജന കുറിപ്പോടെയാണ് ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ്. മണികുമാര്‍ 2019 ഒക്ടോബര്‍ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏപ്രില്‍ 24നാണ് എസ്. മണികുമാര്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ചത് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. ജസ്റ്റിസ് മണികുമാര്‍ വിരമിച്ചപ്പോള്‍ മുഖ്യമന്ത്രി യാത്രയയപ്പ് നല്‍കിയത് വിവാദമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K