08 April, 2024 12:06:22 PM


സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കി; യുവാവിനെ 24കാരിയും സുഹൃത്തുക്കളും കുത്തിക്കൊന്നു



നാഗ്പൂർ: സി​ഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. നാ​ഗ്പുരിലാണ് സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.  സിഗരറ്റ് വലിക്കുന്നതിനിടയിൽ നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെ എന്ന യുവതിയും അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് റാത്തോഡിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചു. സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ റാത്തോഡിൻ്റെ നോട്ടം ജയശ്രീ പണ്ടാരെയെ പ്രകോപിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ജയശ്രീ ഇയാൾക്ക് നേരെ പുക വലയം ഊതുന്നതിന്റെയും  അസഭ്യം പറയുന്നതിൻ്റെയും വീഡിയോ റാത്തോഡ് ഫോണിൽ പകർത്തി. ഇരുവിഭാ​ഗവും പരസ്പരം അസഭ്യം പറയുന്നതും വാക്കേറ്റമുണ്ടാകുന്നതും വീഡിയോയിൽ വ്യക്തം. 

രോഷാകുലയായ യുവതി സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും ജീതു ജാദവിനെയും വിളിച്ചുവരുത്തി. ജ്ഞാനേശ്വർ നഗറിലെ വീട്ടിലേക്ക് പോയ റാത്തോഡുമായി ഏറ്റുമുട്ടി. പിന്നീട് മഹാലക്ഷ്മി നഗറിൽ ബിയർ  കുടിക്കാനായി റാത്തോഡ് എത്തിയപ്പോൾ ഇവിടെ വെച്ചും പ്രശ്നം തുടർന്നു. സ്ഥിതിഗതികൾ പെട്ടെന്ന് വഷളാവുകയും റാത്തോഡിന് മാരകമായ കുത്തേൽക്കുകയും ചെയ്തു. 

സിസിടിവി ദൃശ്യങ്ങളിൽ ജയശ്രീ റാത്തോഡിനെ കത്തികൊണ്ട് പലതവണ കുത്തുന്നതായി കാണുന്നു. കൊലപാതകത്തെത്തുടർന്ന് നാല് പേരും ദത്തവാദിയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിൽ ജയശ്രീ, സവിത, ആകാശ് എന്നിവരെ പിടികൂടിയതായി സീനിയർ ഇൻസ്പെക്ടർ കൈലാഷ് ദേശ്മാനെ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റാത്തോഡിൻ്റെ ഫോണിലെയും സിസിടിവിയിലെയും ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K