08 April, 2024 02:09:20 PM
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനുകളുടെ വിതരണം നാളെ മുതല്‍. രണ്ടുമാസത്തെ തുകയാണ് വിതരണം ചെയ്യുക. 3200 രൂപയാണ് പെന്‍ഷന്‍ തുകയായി നല്‍കുന്നത്. പെന്‍ഷൻ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അതുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലുമെത്തിച്ചായിരിക്കും പെന്‍ഷന്‍ തുക നൽകുക.
പെന്‍ഷന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ അടക്കം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കുടിശ്ശിക ഒഴിവാക്കണമെന്ന് എല്‍ഡിഎഫില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. കഴിഞ്ഞ ഒരുമാസത്തെ പെന്‍ഷന്‍ നല്‍കിയിരുന്നു. ഏഴ് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയാണുണ്ടായിരുന്നത്. നാളെ രണ്ട് ഗഡുക്കള്‍ കൂടി നല്‍കിയാലും ഏപ്രിലിലേത് അടക്കം അഞ്ച് മാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയുണ്ട്.
6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുന്‍കൂറായി തുക നല്‍കുന്നത്.62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഉള്ളത്. ഇതില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.