10 April, 2024 10:49:59 AM


പാനൂർ ബോംബ് നിർമാണം: രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്‌



കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് മുഖ്യ ആസൂത്രകന്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചു. സ്‌ഫോടന സ്ഥലത്ത് മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍, പ്രതികള്‍ക്ക് ബോംബ് ഉണ്ടാക്കാന്‍ വേണ്ട സാമഗ്രികള്‍ എത്തിച്ചുനല്‍കിയവര്‍ തുടങ്ങിയവരെയെല്ലാം കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. സ്റ്റീല്‍ ബോംബ് നിര്‍മ്മാണത്തിന് പ്രതികള്‍ക്ക് പരിശീലനം എവിടുന്ന് കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എതിരാളികളെ ഭയപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു ബോംബ് നിര്‍മ്മാണമെന്നും പൊലീസ് പറഞ്ഞിരുന്നു. ഇത്തരത്തിലാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രാഷ്ട്രീയ ബന്ധമുള്ള പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികള്‍ രാഷ്ട്രീയ എതിരാളികളെ കൂടി ലക്ഷ്യമിട്ടിരുന്നതായി വ്യക്തമാക്കുന്നത്.

നേരത്തെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അമല്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്, സ്ഥലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് പോയപ്പോഴാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അമല്‍ ബാബു, സായൂജ് തുടങ്ങിയവര്‍ക്ക് ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം അറിവുണ്ടായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പന്ത്രണ്ട് പ്രതികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാല്‍, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉളളവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശ നല്‍കിയേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K