11 April, 2024 11:16:10 AM
ഡല്‍ഹി മദ്യനയ കേസ്; കെജ്രിവാളിന്‍റെ പേഴ്സണല്‍ സെക്രട്ടറി പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2007-ല്‍ ബിഭവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ കേസാണ് പുറത്താക്കലിന് കാരണമായി വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്.
ബിഭവ് കുമാറിന്റേത് താത്കാലിക നിയമനം ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് പറയുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും നേരത്തെ അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു.
മദ്യനയക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാനോ മറച്ചുവെക്കാനോ ശ്രമം നടത്തി എന്നാരോപിച്ചാണ് കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇ.ഡി നടത്തുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
മദ്യനയ കേസുമായി ബന്ധപ്പെട്ടല്ല നീക്കം എന്നാണ് വിവരം. വഖഫ് ബോര്‍ഡിന്റെ നിയമനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി. അറസ്റ്റിനൊരുങ്ങുന്നത്. ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. കഴിഞ്ഞ ദിവസം ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സി സമയം തേടിയിട്ടുണ്ട്. വിഷയം കോടതി ഏപ്രില്‍ 18-ന് പരിഗണിക്കും.