14 April, 2024 02:17:18 PM
ബുള്ളറ്റ് ട്രെയിൻ, അന്താരാഷ്ട്ര രാമായണോത്സവം, വനിതാ ബില്‍, സിവില്‍ കോഡ്: ബിജെപി പ്രകടന പത്രിക
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
യുവാക്കള്‍, സ്ത്രീകള്‍, കർഷകർ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രതിനിധികള്‍ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടന പത്രികയുടെ പതിപ്പ് നല്‍കിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.
ലഖ്പതി ദീദി പദ്ധതി, 3 കോടി സ്ത്രീകള്‍ക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തില്‍ കൊണ്ടുവരും, മെട്രോ റെയില്‍ ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതല്‍ കർശന നടപടികള്‍ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തില്‍ രാമായണോത്സവം സംഘടിപ്പിക്കും, കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ കൊണ്ടുവരും, വടക്ക് - തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിൻ്റെ സാധ്യത പഠനം നടത്തും, 6G സാങ്കേതിക വിദ്യ പ്രഖ്യാപിക്കുമെന്നടക്കം നിരവധി പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.
പത്രിക പുറത്തിറക്കിയതിന് പിന്നാലെ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, കേരളത്തിലെ വിഷു ആഘോഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആശംസകള്‍ നേര്‍ന്നാണ് പ്രസംഗം ആരംഭിച്ചത്. രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയില്‍ പറയാറുള്ളൂ. 4 വിഭാഗങ്ങളെ കൂടുതല്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. സൗജന്യ റേഷൻ അടുത്ത 5 വർഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബില്‍ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. മുദ്ര ലോണ്‍ തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിർമ്മിക്കും. ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകള്‍ നല്‍കുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.