14 April, 2024 10:21:45 PM
ട്രയിനിൽ വീണ്ടും മോഷണം: 3.91 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി
മംഗളൂരു: മംഗളൂരു - ബംഗളൂരു ട്രെയിനിലെ എസി കോച്ചിൽ 3.91 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ജെപ്പു നിവാസിയായ 74 വയസ്സുള്ള വയോധികയാണ് പരാതിക്കാരി.
മകൾക്കും രണ്ട് പേരക്കുട്ടികൾക്കും ഒപ്പം ഏപ്രിൽ 7 ന് ബംഗളൂരു-മംഗലാപുരം ട്രെയിനിൽ യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ അവരുടെ വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോളാണ് ആഭരണങ്ങൾ നഷ്ടമായ വിവരം അറിഞ്ഞത് . 3.91 ലക്ഷം രൂപ വിലമതിക്കുന്ന 59.885 ഗ്രാം ഭാരമുള്ള രണ്ട് വളകളും ചെയിനും മറ്റ് സ്വർണാഭരണങ്ങളുമാണ് നഷ്ടമായത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിലെ എസി കോച്ചുകളിൽ മോഷണം നടന്നിരുന്നു. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും ഫോണുകളുമടക്കം മോഷ്ടാക്കൾ കവർന്നിരുന്നു . ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു പരാതി കൂടി വരുന്നത് .