15 April, 2024 03:41:37 PM


തൃശൂര്‍ പൂരം; ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി



കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു. പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചു. 50 മീറ്റര്‍ അകലപരിധിയില്‍ ഇളവ് വരുത്തിയ സിസിഎഫ് സര്‍ക്കുലര്‍ വനംവകുപ്പ് ഹൈക്കോടതിയില്‍ ഹാജരാക്കി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നില്‍ നിന്നും ആറ് മീറ്റര്‍ അകലത്തിലായിരിക്കണം തീവെട്ടിയും കുത്തുവിളക്കും. അതിനപ്പുറത്ത് മാത്രം പൊതുജനങ്ങള്‍ക്ക് നില്‍ക്കാം.

19-നുള്ള തൃശൂര്‍ പൂരത്തിന് മുന്നോടിയായി അമികസ് ക്യൂറിയുടെ നേതൃത്വത്തില്‍ 18-ന് ആനകളുടെ ഫിറ്റ്‌നസ് രേഖകള്‍ പരിശോധിക്കും. ഇതിനായി മൂന്നംഗ നിരീക്ഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. അഭിഭാഷകരായ അരുണ്‍ ചന്ദ്രന്‍, സന്ദേശ് രാജ, എന്‍ നാഗരാജ് എന്നിവരുള്‍പ്പെട്ടതാണ് നിരീക്ഷക സംഘം. ആനകളും പൊതുജനങ്ങളും തമ്മിലുള്ള അകല പരിധിയില്‍ ഇളവ് വരുത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പത്ത് മീറ്ററെങ്കിലും അകലം വേണമെന്നായിരുന്നു അമികസ് ക്യൂറിയുടെ നിര്‍ദ്ദേശം. എന്നാല്‍ പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. പത്ത് മീറ്റര്‍ പരിധി നിശ്ചയിച്ചാലും ആവശ്യമില്ലാത്ത ആളുകള്‍ പരിധിയിലേക്ക് കടന്നുകയറും. പൊതുജനത്തെ പൊലീസ് നിയന്ത്രിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എങ്ങനെ പൂരത്തിന് എഴുന്നള്ളിക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. മതം ഉള്‍പ്പടെയുള്ളവ രണ്ടാമത്തെ കാര്യമാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഒരു ജീവന്‍ പോലും നഷ്ടപ്പെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങള്‍ വിശ്വസിക്കാമെന്ന ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. രേഖകള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹൈക്കോടതിയെ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K