17 April, 2024 04:05:09 PM
കെഎസ്ആര്‍ടിസിക്ക് വീണ്ടും റെക്കോര്‍ഡ്; ഏപ്രില്‍ മാസത്തില്‍ 8.57 കോടി രൂപ
തിരുവനന്തപുരം: ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.57 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. 2023 ഏപ്രിലില്‍ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസുകളില്‍ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ 4331 ബസുകള്‍ ഓടിച്ചതില്‍ 4200 ബസ്സുകളില്‍ നിന്നായിരുന്നു ഇത്രയും വരുമാനം ലഭിച്ചത്. വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീര്‍ഘദൂര റൂട്ടുകളിലും മുന്‍കൂട്ടി അഡീഷണല്‍ സര്‍വീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വര്‍ധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അതിവേഗ നടപടികളാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി യാത്രക്കാരാണ് യജമാനന്‍മാര്‍ എന്നുള്ള പൊതു ബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.