18 April, 2024 12:34:16 PM


സുഗന്ധഗിരി മരംമുറി : ഡിഎഫ്ഒ ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍



വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടിയുമായി സര്‍ക്കാര്‍. ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെന്‍ഷന്‍. ഡി എഫ് ഒ എം ഷജ്ന കരീം, ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങള്‍ മുറിച്ചുനീക്കിയവയില്‍ ഉള്‍പ്പെടുന്നില്ല. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ് പ്രതികളാണുള്ളത്. മരത്തടികള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സെക്ഷന്‍ ഓഫീസര്‍ കെ.കെ.ചന്ദ്രന്‍, വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലന്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മുപ്പതോളം ജീവനക്കാര്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള. സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരം കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി ആദ്യം സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങി എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K