19 April, 2024 11:14:53 AM
കള്ളനെന്നു മുദ്രകുത്തി ജയിലിലടച്ചു, കോടതി മോചിപ്പിച്ചു; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
കൊല്ലം: കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലിടച്ച യുവാവ് കുറ്റ വിമുക്തനായതിനു പിന്നാലെ ജീവനൊടുക്കി. മോഷണക്കേസിൽ അറസ്റ്റിലായി വർഷങ്ങൾക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ചത്.
കേസിലെ യഥാർഥ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്. പൊലീസിന്റെ ശാരീരിക പീഡനത്തിൽ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായത് രതീഷിനു താങ്ങാൻ ആയില്ലെന്നു ബന്ധുക്കൾ പറയുന്നു. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കൾ: കാർത്തിക, വൈഗ. സംസ്കാരം നടത്തി.
അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച ചെയ്തെന്നരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടിയ മർദ്ദനം ഏറ്റ് രതീഷ് കസ്റ്റഡിയിൽ തളർന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. കോടതി റിമാൻഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരമ്പെടുത്തു. അപമാന ഭാരം കുടുംബത്തെ തളർത്തി.
അതിനിടെ 2020ൽ കാര്യങ്ങൾ മാറി മറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസിൽ പിടികൂടിയപ്പോൾ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും ഇയാൾ വെളിപ്പെടുത്തി. ഇതോടെയാണ് രതീഷിനെ കോടതി മോചിപ്പിച്ചത്. എന്നാൽ അപ്പോഴേക്കും ശാരീരിക പീഡനങ്ങൾ രതീഷിനെ മാനസികവും ശാരീരികവുമായി തകർത്തു. സാമ്പത്തിക നിലയും തകർന്നു. പിന്നാലെയാണ് രതീഷ് ജീവനൊടുക്കിയത്.