19 April, 2024 04:43:41 PM


കെ കെ ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വീണ്ടും കേസ്



കോഴിക്കോട്: കെ കെ ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വീണ്ടും കേസ്. തൊട്ടില്‍പാലം സ്വദേശി മെബിന്‍ തോമസിനെതിരെയാണ് തൊട്ടില്‍പാലം പൊലീസ് കേസെടുത്തിരിക്കുന്നത്. കെ കെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തിയതിനും നാട്ടില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്. കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ എടുക്കുന്ന നാലാമത്തെ കേസാണിത്.

കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂര്‍ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിന്‍ഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെ കേസെടുത്തിരുന്നു. മുസ്ലീങ്ങള്‍ വര്‍ഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്‌നേഹതീരം വാട്‌സ് ഗ്രൂപ്പില്‍ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K