21 April, 2024 10:59:06 AM
'ലാലുപ്രസാദ് കുറേ മക്കളെ ഉണ്ടാക്കി, ഇത്രയും മക്കളെ ഉണ്ടാക്കാമോ?' - നിതീഷ് കുമാര്‍
കതിഹാര്‍: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്‍റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു.
കതിഹാറിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം. ആര്‍ജെഡിയിലെ കുടുംബാധിപത്യത്തെ വിമര്‍ശിക്കുന്നതിനിടെയാണ് നിതീഷ് ഒന്‍പതു മക്കളുള്ള ലാലുവിനെ വ്യക്തിപരമായി ആക്ഷേപിച്ചത് . 'മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ രണ്ടാണ്‍ മക്കള്‍ക്കു പുറമെ പെണ്‍മക്കളെയും ലാലു രാഷ്ട്രീയത്തിലിറക്കിയെന്നും' നിതീഷ് കുറ്റപ്പെടുത്തി.
ലാലു യാദവിന്റെ പെണ്‍മക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്. രാജ്യസഭാംഗമായ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിലും പുതുമുഖമായ രോഹിണി ആചാര്യ സാരന്‍ മണ്ഡലത്തിലുമാണ് മല്‍സരിക്കുന്നത്. ലാലുവിന്റെ രണ്ടാണ്‍മക്കളും നിയമസഭാ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുന്‍മന്ത്രി തേജ് പ്രതാപ് യാദവും. ലാലുവിന്റെ പത്‌നി റാബ്‌റി ദേവി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും. ലാലു-റാബ്‌റി ദമ്ബതികള്‍ക്ക് രണ്ടാണ്‍ മക്കളും ഏഴു പെണ്‍മക്കളുമാണുള്ളത്.