23 April, 2024 10:23:58 AM


ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി



തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗക്കാർക്കു എതിരെയുള്ള കേസുകൾ പരി​ഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആർഎൽവി രാമകൃഷ്ണൻ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗത്തിൽപ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി.

കാക്ക പോലെ കറുത്തവൻ, പെറ്റമ്മ കണ്ടാൽ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളു തുടങ്ങിയ പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്. ജാതീയമായി തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണൻ പരാതി നൽകിയത്. പട്ടികജാതി കലാകാരനു നൃത്ത രം​ഗത്തു പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K