23 April, 2024 04:48:16 PM
ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്- അനില്‍ ആന്‍റണി
പത്തനംതിട്ട: ടി.ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അനില്‍ ആന്റണി. ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. നന്ദകുമാര്‍ 2016 ല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അനില്‍ ആന്റണി പ്രതികരിച്ചു. തന്റെ പ്രചാരണം അട്ടിമറിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പത്തനംതിട്ടയില്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാര്‍ത്തയായില്ല. തനിക്ക് അനുകൂലമായുള്ള വാര്‍ത്തകള്‍ ഒതുക്കുന്നുവെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
അനില്‍ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകളുമായി ടിജി നന്ദകുമാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കാള്‍ ലെറ്ററിന്റ പകര്‍പ്പും അനില്‍ ആന്റണിക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത എഫ്‌ഐആറും തന്നെ ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളുമാണ് ടി ജി നന്ദകുമാര്‍ പുറത്തുവിട്ടത്. ഇതിനൊപ്പം പണം വാങ്ങാന്‍ വന്നപ്പോള്‍ ഉപയോഗിച്ച കാര്‍ നമ്പറും ടിജി നന്ദകുമാര്‍ പുറത്തുവിട്ടിരുന്നു. എന്‍ഡിഎ വന്നാലും ഇന്ത്യ സഖ്യം വന്നാലും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണ വിധേയമാകും എന്ന് നന്ദകുമാര്‍ പറഞ്ഞു. ഫോട്ടോ താന്‍ എടുത്തതല്ല. യാദൃശ്ചികമായി ഡ്രൈവര്‍ എടുത്തതാണ്. തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയ ബിജെപി യുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ്. എഗ്രിമെന്റ് ഇല്ലാതെയാണ് പണം നല്‍കിയത്. ശോഭ സുരേന്ദ്രന്‍ നേരിട്ട് തന്നെ വിളിച്ചു.
ഇത് സ്ഥാനാര്‍ഥികള്‍ക്കെതിരായ പ്രചരണം അല്ല. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. താന്‍ കുഴപ്പക്കാരന്‍ എന്ന് പറയുന്ന സമൂഹത്തിലെ ഇത്തരം ആളുകളാണ് കുഴപ്പക്കാര്‍. കെ സുരേന്ദ്രനും അനില്‍ ആന്റണിക്കും വക്കീല്‍ നോട്ടീസ് അയച്ചു. അനില്‍ ആന്റണി വക്കീല്‍ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. താന്‍ കാട്ടു കള്ളനാണ് എന്നും വിഗ്രഹ മോഷ്ടാവാണ് എന്നുമുള്ള ആരോപണത്തിലാണ് നോട്ടീസ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ വീണ്ടും വരും. തന്റെ പേരില്‍ കേസോ അറസ്റ്റോ വന്നാലും ഭയമില്ല. തനിക്കെതിരെ മാനഷ്ടക്കേസ് നല്‍കിയാല്‍ പി ജെ കുര്യന്‍ സാക്ഷിയാകും. കേരളത്തിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ക്കയച്ച പണം കിട്ടിയില്ല. കേരളത്തിലേക്ക് പണം കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ഹവാലാക്കാരന്‍ ഇന്ത്യ വിട്ടുപോയി. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചിരുന്നത്. മറ്റു പലരെയും അനില്‍ ആന്റണി പണം വാങ്ങി പറ്റിച്ചിട്ടുണ്ട്. പ്രതിരോധ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ് പറ്റിച്ചത്. അനില്‍ ആന്റണിയുമായി ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ല. അനില്‍ കളങ്കിതനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട് എന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.