25 April, 2024 07:01:23 AM
ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി
സുൽത്താൻ ബത്തേരി: ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ഇന്നലെ രാത്രി ഏഴുമണിയോടെ ഭക്ഷ്യ കിറ്റുകൾ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇത് ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് അറിയിച്ചു.
പഞ്ചസാര, ബിസ്‌ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്‌ക്, സോപ്പ്, സോപ്പ് പൊടി എന്നിവയാണ് ഭക്ഷ്യകിറ്റിലെ സാധനങ്ങള്‍. ഇതിനുപുറമെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില എന്നിവ അടക്കമുള്ള 33 കിറ്റുകളും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. കിറ്റുകൾ എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവറുടെ നിലപാട്. കിറ്റുകൾക്കു പിന്നിൽ ബിജെപിയാണ് എന്ന് ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തുവന്നിട്ടുണ്ട്.
ബിജെപി കോളനികളിൽ വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇതെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിച്ചു വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇരുമുന്നണികളും ആരോപിച്ചു. അതേസമയം, ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത ആരോപണം നിഷേധിച്ചു.