25 April, 2024 10:07:24 AM
കൊക്കെയ്‌നുമായി രാജസ്ഥാന്‍ സ്വദേശി ചെന്നൈയില്‍ പിടിയില്‍
ചെന്നൈ: രാജസ്ഥാന്‍ സ്വദേശി കൊക്കകയനുമായി വിമാനത്താവളത്തില്‍ പിടിയിലായി. 28 കോടി വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്നാണ് ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തത്. ദോഹയില്‍നിന്നെത്തിയ ഭരത് വസിതെയുടെ ബാഗില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.
ഭരത് വസിതെയുടെ ബാഗില്‍ നടത്തിയ പരിശോധനയില്‍ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് ഒരു കിലോ തൂക്കം വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ഇയാള്‍ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ അംഗമാണെന്നു സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.