25 April, 2024 02:32:02 PM


പാറമ്പുഴ കൂട്ടക്കൊലപാതകം; പ്രതി നരേന്ദ്രകുമാറിന്‍റെ വധശിക്ഷ ഒഴിവാക്കി



കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്. 20 വര്‍ഷം ജയിൽശിക്ഷയ്ക്കിടെ പരോള്‍ ഉള്‍പ്പെടെയുള്ള ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ല.

ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലായിരുന്നു വധശിക്ഷ. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് പ്രതി നരേന്ദ്ര കുമാര്‍. 2015 മെയ് 16നാണ് കൂട്ടക്കൊലപാതകം നടന്നത്. കോട്ടയം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് നരേന്ദ്രകുമാറിന് നേരത്തെ വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമെ ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും ശിക്ഷ വിധിച്ചു‌. പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺ ലാൽ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ലാലസന്റെ സ്‌ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാർ മോഷണത്തിനിടെ മൂന്നുപേരെയും കൊലപ്പെടുത്തുകയായിരുന്നു. മൂവരെയും വീടിനോടു ചേർന്നുള്ള ഡ്രൈ ക്ലീനിങ് സ്‌ഥാപനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്. ജയ്‌സിങ് എന്ന വ്യാജപേരിൽ ഇവരുടെ സ്‌ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന നരേന്ദ്രകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K