18 December, 2023 12:06:47 PM


കോൺ​​ഗ്രസ് മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് സിപിഐഎമ്മിലേക്ക്



പത്തനംതിട്ട: കോൺ​​ഗ്രസ് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് സിപിഐഎമ്മിലേക്ക്. പാർലമെന്റ് തിരഞ്ഞെടുപ്പിനോടടുത്ത് പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. കോൺഗ്രസിലേക്ക് ഇനി ഇല്ലെന്ന് ബാബു ജോർജ് പറഞ്ഞു.

52 വർഷം താൻ പാർട്ടി പ്രവർത്തനം നടത്തി. കോൺഗ്രസ് നേതാക്കൾ തന്നെ അപമാനിച്ചു. ഡിസിസി ഓഫീസിന്റെ കതകിൽ ചവിട്ടി എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. ഇതിലും വലിയ സംഘടനാ വിരുദ്ധ പ്രവർത്തനം പാർട്ടി തലപ്പത്തുള്ളവർ ചെയ്തിട്ടുണ്ടെന്നും ബാബു ജോർജ് പറഞ്ഞു.

കതകിൽ ചവിട്ടിയതിന് സസ്പെൻഷനിലായ ബാബു ജോർജ് നേരത്തെ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പി ജെ കുര്യൻ, പഴകുളം മധു എന്നിവരടങ്ങുന്ന ഉപജാപക സംഘം ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിനിരത്തിയത്. താനും അതിൽപെട്ട ഒരാളാണ്. ജില്ലയിലെ മുതിർന്ന നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാത്തവരെ വെട്ടിനിരത്തുന്ന രീതിയാണുളളതെന്നും ബാബു ജോർജ് ആരോപിച്ചിരുന്നു.

സസ്‌പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടും മറുപടിയില്ല. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ് പ്രകോപനം ഉണ്ടാക്കിയത്. അക്കാര്യം അന്വേഷിച്ചില്ല. ഡിസിസി പ്രസിഡന്റ് സിസിടിവി ദൃശ്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകി. താൻ പരാതിപെട്ടിട്ട് അതും അന്വേഷിച്ചില്ലെന്നും ബാബു ജോർജ് പറഞ്ഞു.

ഡിസിസി ഓഫീസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് ബാബു ജോർജിനെ സസ്‌പെൻഡ് ചെയ്തിരുന്നത്. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K